തൃശൂർ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഫുഡ് സേഫ്റ്റി വകുപ്പ് നടത്തിയ പരിശോധനയിൽ പന്ത്രണ്ടു സ്ഥാപനങ്ങളിൽ നിയമലംഘനങ്ങൾ കണ്ടെത്തി. ഇവർക്കു കോന്പൗണ്ടിംഗ് നോട്ടീസ് നല്കി. രണ്ടു സ്ഥാപനങ്ങൾക്ക് ഇംപ്രൂവ്മെന്റ് നോട്ടീസ് നല്കി. ഭക്ഷ്യജന്യരോഗങ്ങൾക്കു കാരണമാകുന്ന ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യമുൾപ്പടെ കണ്ടെത്താൻ ഭക്ഷ്യവസ്തുക്കളുടെയും കുടിവെള്ളത്തിന്റെയും 22 സർവൈലൻസ് സാന്പിളുകൾ ശേഖരിച്ച് കാക്കനാട് ലബോറട്ടറിയിലേക്ക് അയച്ചു.
ഓപ്പറേഷൻ മണ്‍സൂണിന്റെ ഭാഗമായി ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, കയ്പമംഗലം, കുന്നംകുളം, ചേലക്കര, വടക്കാഞ്ചേരി, ഒല്ലൂർ സർക്കിളുകളിലെ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, സ്കൂളുകൾ, അങ്കണവാടികൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. പരിശോധനകൾ തുടരുമെന്നു ഭക്ഷ്യസുരക്ഷാവകുപ്പ് അസിസ്റ്റന്റ് കമ്മീഷണർ വി.എസ്. ഇന്ദു അറിയിച്ചു.
ശക്തൻ മാർക്കറ്റിൽ പഴകിയ മത്സ്യം
പിടിച്ചെടുത്തു നശിപ്പിച്ചു
തൃശൂർ: ശക്തൻ മാർക്കറ്റിലെ മത്സ്യ-മാംസ വിപണനകേന്ദ്രത്തിൽ ഫുഡ് സേഫ്റ്റി വകുപ്പ് നടത്തിയ പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്ത 20 കിലോഗ്രാം പഴകിയ മത്സ്യം പിടിച്ചെടുത്തുനശിപ്പിച്ചു.
പരിശോധന നടത്തിയ 26 വ്യാപാരസ്ഥാപനങ്ങളിൽ നിയമലംഘനം കണ്ടെത്തിയ നാലെണ്ണത്തിനു കോന്പൗണ്ടിംഗ് നോട്ടീസ് നൽകി. വിപുലമായ പരിശോധനയ്ക്കായി ഏഴു സാന്പിളുകൾ കാക്കനാട് റീജണൽ അനലിറ്റിക്കൽ ലബോറട്ടറിയിലേക്ക് അയച്ചു. ഫുഡ് സേഫ്റ്റി ഓണ്‍ വീൽസ് മൊബൈൽ ലാബ് വഴി 56 സാന്പിളുകൾ സ്ഥലത്തുവച്ചുതന്നെ പരിശോധനയ്ക്കു വിധേയമാക്കി. ഓപ്പറേഷൻ മണ്‍സൂണിന്റെ ഭാഗമായാണു പരിശോധന നടത്തിയത്.
ഫുഡ് സേഫ്റ്റി ഓഫീസർമാരായ വി.എച്ച്. അഷറഫ്, എം.എസ്. സിക്തമോൾ, കോർപറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ വിനോദ്, എംഎഫ്ടിഎൽ അനലിസ്റ്റ് സുമേഷ്, നിസാർ എന്നിവർ പരിശോധനയ്ക്കു നേതൃത്വം നൽകി.